തിരുവനന്തപുരം: ഓപ്പറേഷൻ കളിക്കളം എന്ന പേരിൽ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. പൈക പദ്ധതി പ്രകാരമുള്ള ധനവിനിയോഗത്തിൽ ക്രമക്കേടും കാഷ് ബുക്കും സ്റ്റോക്ക് രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
മുൻ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റിന് സർക്കാർ അനുമതിയില്ലാതെ ബത്തകൾ നൽകിയെന്നും സംഘം കണ്ടെത്തി. 2019 മുതൽ 2021 മേയ് വരെ ഒരു ഉദ്യോഗസ്ഥൻ ആവശ്യമായ അനുമതിയില്ലാതെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ ചുമതല വഹിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു പരിശീലകന് താമസബത്തയും മറ്റ് സൗകര്യങ്ങളും ചട്ടവിരുദ്ധമായി അനുവദിച്ചതായും വിജിലൻസിന് വിവരം ലഭിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പോർട്സ് കൗൺസിലിൽ നടന്ന ഇടപാടുകളാണ് വിജിലൻസ് പരിശോധിക്കുന്നത്. വിവിധ പദ്ധതികൾക്കായി ചെലവഴിച്ച തുക, യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചെന്ന ആരോപണം, ഭക്ഷണവും സ്റ്റൈപൻഡും അനുവദിച്ചതിലെ വീഴ്ചകൾ, വ്യാജ മത്സരഫലങ്ങൾ തയാറാക്കിയെന്ന പരാതി, ഹോസ്റ്റൽ നടത്തിപ്പിലെ ക്രമക്കേടുകൾ, കൗൺസിൽ അംഗങ്ങളുടെ യാത്രകൾ, സർക്കാർ ഫണ്ട് വകമാറ്റിയെന്ന ആരോപണം തുടങ്ങിയവയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
മന്ത്രി ഒ.ജെ. ജനീഷിന് ലഭിച്ച പരാതികളും വിജിലൻസിന് കൈമാറിയിരുന്നു. യുവതാരങ്ങൾക്കായി വാങ്ങിയ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചതടക്കമുള്ള ആരോപണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. പരിശോധനയുടെ ഭാഗമായി വിവിധ രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.